2011 ഒക്‌ടോബർ 5, ബുധനാഴ്‌ച

ജലത്തിന്റെ വർണ്ണം : അഡോണിസ്


അറബിയിൽനിന്ന് നേരിട്ടുള്ള വിവർത്തനം
മുഹമ്മദ് മുസ്തഫ, വി. അബ്ദുൾ ലത്തീഫ് 
അഡോണിസ്-സിറിയൻ കവി
------------------------------------------------------------------------------------------------------------------

വാക്കിന്റെ ഉടലേ,
നിന്റെ നിറം ജലത്തിന്റേതാണ്.
വെള്ളം,
തീയോ മിന്നൽപ്പിണരോ ഹമീറയോ
ആയിത്തീരുമ്പോൾ
ജലത്തെ തീപിടിപ്പിക്കും.
മിന്നൽപ്പിണറായി മാറും.
ഹമീറത്താകും.
പിന്നെ തീയാവും.
അവസാനം
ഉറങ്ങാൻ എന്റെ തലയിണ തേടുന്ന
ഒരു നീലനിലോഫറാകും.
വാക്കിന്റെ വെളിച്ചമേ,
രണ്ടു ദിവസം നീ എന്റെ കൂടെ വരൂ,
രണ്ടു വെള്ളിയാഴ്ചകൾ.
രഹസ്യങ്ങളുടെ ഹമീറയിലൂടെ
കടലിൽനിന്ന് മുത്തുകൾ കണ്ടെടുക്കാൻ
അതിനെ പവിഴവും അവൂസൂനയുമായി പെയ്തിറക്കാൻ.
കടലിനെ മാത്രം പ്രണയിക്കുന്ന
ഒരു കറുത്ത ജിന്നാണ് ഈ മായക്കാഴ്ചകളെന്ന്
നമുക്കു തിരിച്ചറിയാം
ഒളിഞ്ഞും തെളിഞ്ഞും
നീയെന്റെ കൂടെ വരിക
വാക്കിന്റെ വെളിച്ചമേ
ശ്വേതമേഘമായ് മണലാരണ്യത്തിൽ
ഇഷ്ടാനുസരണം പെയ്യാനായി
മരണത്തെപ്പുൽകുന്ന ചിപ്പിയെത്തേടാൻ
നീയെന്നോടൊപ്പം ചേരണം
എന്റെ ശിഷ്ടദിനങ്ങൾ മാറലൊളിപ്പിച്ച,
നീർത്തടങ്ങളിൽ ബന്ധിതയായ
ആ നക്ഷത്രത്തെക്കുറിച്ചന്വേഷിക്കാൻ
വാക്കിന്റെ വെളിച്ചമേ,
നീയെന്നോടു ചേരുക
ഉറവപൊട്ടുന്ന ശിലകളെക്കുറിച്ച്
ശിലകൾ പിറക്കുന്ന പ്രകമ്പനങ്ങളെക്കുറിച്ച്
കസ്തൂരിമാനിനെപ്പറ്റി
പുലരിയുടെ വെൺപിറാവിനപ്പറ്റി
കാലം ചിതറിക്കിടക്കുന്ന
കണ്ണിചേർന്ന ഇരുൾക്കയങ്ങളിലേക്ക്
എന്റെ കൂടെ വരിക
വാക്കേ, നീയിവിടെ
അലകടലിന്റെ മുഖമണിഞ്ഞ
കവിതയാകട്ടെ